Friday, July 18, 2014

1 MINUTE TRAIN CARICATURES : 18/07/2014

ട്രെയ്ൻ യാത്ര- കൊയമ്പത്തൂർ-എറണാകുളം ഇന്റർസിറ്റി - 18.07.2014- വെള്ളിയാഴ്ച്ച- ഉച്ച 2 മണി.

പതിവിനു വിപരീതമായി സ്കെച്ച് പെൻ കൊണ്ടായിരുന്നു ഇത്തവണ പൂശ്. കേവലം 4 പേരെയായിരുന്നു വധത്തിന് തെരഞ്ഞെടുത്തത്. വധോദ്യമം കാണാൻ മറ്റു ബോഗികളിൽനിന്ന് പോലും നിഷ്ക്കളങ്കരായ ജനം ആഹ്ലാദപൂർവം എന്നാലോ ഒളിസേവയ്ക്കൊക്കെ പറഞ്ഞിട്ടുള്ള ഉദ്വിഗ്നതയോടെ ബോഗിയുടെ അഷ്ടദിക്കുകളിലായി ഓരോ മിനിറ്റ് ഇടവിട്ട് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ചാവേറുകളായി ചെറു ലജ്ജയിൽ മുങ്ങിയ ഒരു ഡസൻ ആബാലവൃദ്ധർ വേറെ മഹാതടിയനായ ഏതോ കലാകാരനെ ഉറ്റുനോക്കിക്കൊണ്ട് സീറ്റിന്റെ വശങ്ങളിലും ലഗേജ് റാക്കിൽ കമിഴ്ന്ന് കിടന്നും തങ്ങളുടെ മരണാഭിമുഖ്യം അറിയിച്ചുകൊണ്ടിരുന്നു.

നാല് കക്ഷികളെ പരിചയപ്പെടാം....
1. ഷിജോ മാമല (54), തിരുവാങ്കുളത്തുകാരൻ. 18 മുതൽ 31 വയസ്സുവരെ കോടമ്പാക്കത്ത് അഭിനയമോഹവുമായി കറക്കം. ഇടയ്ക്ക് ഹോട്ടൽപ്പണി. നാല് സിനിമകളിൽ ചെറുവേഷം. വീണ്ടും നളൻ വേഷം. ഇപ്പോൾ, കുക്കുടവിഭവങ്ങൾ കരതലാമലകമാണ് കക്ഷിക്ക്. നാട്ടിൽ നാടകപ്രസ്ഥാനവുമായി വർഷങ്ങൾ. അഭിനയം. എഴുത്ത്. 315 പേജുള്ള "ഓർമ്മച്ചെപ്പു തുറന്നപ്പോൾ" എന്ന നോവൽ മൂന്നാം പതിപ്പിലേയ്ക്ക് കടന്നിരിക്കുന്നു. രണ്ടാമത്തേത് അടുത്തമാസം പ്രകാശിപ്പിക്കും.
2. ആന്റണി (90). തമിഴ്നാട്ടിൽ വേലൂർ സ്വദേശി. ചകലാസ്സ് കുപ്പായം. അതേ ച്ഛായയുള്ള പലരെയും ഹോങ്ങ്കോങ്ങിൽനിന്നിറങ്ങുന്ന സിനിമകളിൽ സമൃദ്ധമായി കാണാമല്ലോ എന്നോർത്ത് " വാട്ടേ വസുധൈവ കുടുംബകം !" എന്ന് സ്മരിച്ച് നൈസായി ഒന്നു പുഞ്ചിരിച്ചതിനു ശേഷം സംഭാഷണത്തിൽ ഏർപ്പെട്ടു. സഹായിക്കാൻ വന്ന ദ്വിഭാഷികളെ നോക്കൗട്ട് അടിസ്ഥാനത്തിൽ അങ്കം വെട്ടിച്ച് ഒരുത്തനെ ഒടുക്കം തെരഞ്ഞെടുക്കുകയായിരുന്നു . സീനിയർ സിറ്റീസൻ എർണാളം ഇന്റർ സിറ്റിയിൽ ഗോവയ്ക്കു പോകുന്ന പോക്കാണ്. . ചതിച്ചല്ലോ, ഭഗവതീ, ഇത് ഗോവയ്ക്ക് പൂവില്ല്യാലോന്ന് ഞാൻ. എങ്കടേങ്കിലും പോട്ടേന്ന് ഭയങ്കരനായ വയോവൃദ്ധൻ !
3. ചന്ദ്രൻ (47). ബാംഗ്ലൂരിൽ ചന്ദ്രൻ ഹോട്ടൽ & ടീ ഷാപ്പ് ഭയങ്കര ലാഭത്തിൽ നടത്തുന്നു. ബോഗിയിൽ കയറിയതും ഐറ്റം നമ്പ്ര.2 ന് ഒരു തൈർശാദം വാങ്ങിക്കൊടുക്കുന്നതു കണ്ടു. പ്രചോദിതനായി ഞാനും എന്റെ വെജി. സാലഡ് മലയുടെ ഒരു വശം ഇടിച്ച് വൃദ്ധശ്രീയുടെ തൈർശാദത്തെ കളർഫുള്ളാക്കിക്കൊടുത്തു. അന്തോണ്യേട്ടൻ സാലഡിലെ വലിയ കാരറ്റ് കഷണങ്ങളെ ഉമിനീരിൽ അകത്തൂന്ന് പ്രത്യേകമായി ക്ഷണിച്ചു വരുത്തിയ വീര്യം കൂടിയ ദഹനരസം കലക്കിച്ചേർത്ത് നിമിഷങ്ങൾക്കകം നനഞ്ഞ മോഡേൺ ബ്രെഡ് സമാനമാക്കുന്നത് കാണാൻ ജനം ബോഗിയിലേയ്ക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു.
4. മുസാഫിർ (28). മലപ്പുറംകാരൻ. കൊച്ചി വല്ലാർപാടം കണ്ടേയ്നർ ടെർമിനലിൽ ഒരു ക്ലിയറൻസ് ഏജൻസിയുടെ കീഴിൽ പണിയാണ്. മുഖലക്ഷണശാസ്ത്രത്തിന്റെ എല്ലാ തത്വങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് വേറിട്ട വഴിയിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിക്കുകയായിരുന്നു യുവതുർക്കിയുടെ അത്യസാധാരണങ്ങളായ നുണക്കുഴികൾ എന്നത് ഞാൻ ശ്രദ്ധിച്ചു. ഒട്ടും സമയം കളയാതെ ഞാൻ നോട്ട് കുറിച്ചെടുക്കയും ചെയ്തു.

ഇത്രേള്ളൂ.......


Friday, July 4, 2014

1 MINUTE TRAIN CARICATURES : 04/07/2014

ട്രെയ്ൻ യാത്ര- (1) കൊയമ്പത്തൂർ-പാലക്കാട് പാസഞ്ചർ- 04.07.2014- വെള്ളിയാഴ്ച്ച- രാത്രി 7 മണി. (2) പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ്സ് - രാത്രി 11 മണി

ഇതിൽ , ഐറ്റംസ്1,2,3 കേന്ദ്രസർക്കാരീയരും 4,5,6,7 ഐറ്റംസ് 'പൊതുജന'വുമാണ്.
ഐറ്റം വൺ പ്രസ്തുത പാസ്സഞ്ചറിലെ ഏക നിമിഷകവിയാണ്. No wonder, ടിയാന്റെ കമ്പാർട്മെന്റ് പൊതുവെ ജനശൂന്യമായിരിക്കും. ഗിരി (2), രാജീവ് (3) എന്നിവർ എന്നാൽ എന്നും കുഞ്ചൻ നമ്പ്യാർക്ക് അകമ്പടിയുണ്ടാവും. ഇവർ പരമ്പരാഗതമായി ചാവേറുകളാണ്. ലാസ്റ്റ് കമ്പാർട്മെന്റിലെ അപരിചിതർക്കുമുന്നിൽ എന്നും പടവെട്ടാൻ തുനിയാതെ മരിക്കലാണ് അവരുടെ വിനോദം.
ഐറ്റം 4നെ 1 മാസം മുമ്പ് ഓർമ്മയിൽനിന്ന് വരച്ചതാണ്. ഇന്നലെയാണ് കണ്ടുമുട്ടിയത്. എല്ലാ ഒറ്റയാൾ ലോട്ടറിക്കാരെപ്പോലെ, ഇദ്ദേഹവും ട്രെയിനിലും പുറത്തും ഒരുപോലെ പരമദരിദ്രനായി തുടർന്നുവരുന്നു.
ഐറ്റംസ് 5,6,7 ആണ് ഇന്നലത്തെ യഥാർഥ അപരിചിതർ.
ഐറ്റം 5 : മണി. ഊട്ടിയിലെ യൂക്കാലിപ്പണിക്കാരൻ. ഇപ്പൊ വയ്യാതായി. തിരുവനന്തപുരത്തെ മകളെയും കുടുംബത്തെയും സന്ദർശിക്കാൻ സന്തോഷത്തോടെ പോകുന്ന പോക്കാണ്.
ഇടയ്ക്ക്, കോഴിക്കോട്ന്ന് കയറിയ രണ്ട് ഫുട്ബോൾ ചെറുപ്പക്കാരെ വാഗ്വാദത്തിൽ ഏതാണ്ട് തോൽപ്പിക്കുന്നതു കണ്ടു. യൂക്കാലിചരിതത്തിന്റെ സർവജ്ഞപീഠത്തിന് അരഡസൻ ചോദ്യങ്ങൾക്ക് ഇപ്രംവെച്ച് കായികതാരങ്ങൾ വണ്ടിയിൽനിന്ന് ഇരുട്ടിലേയ്ക്ക് ചാടി രക്ഷപ്പെട്ടതിനാൽ സ്ഥാനാരോഹണച്ചടങ്ങ് കാണാനായില്ല. കൊടക്, നീലഗിരി, മറയൂർ, മൂന്നാർ എന്നീ സ്ഥലങ്ങളുമായി ബന്ധമുള്ള യാത്രികരെ ആശാൻ ഇതിനോടകം ഒന്നിനുപിറകെ മറ്റൊന്നായി പോരിനു വിളിയ്ക്കയും മിണ്ടാണ്ടാക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.
ഐറ്റം 6 : ആനന്ദ്. HP പ്രിന്റേഴ്സിന്റെ സർവീസ് പേർസൺ ആണ്. 10 മിനിറ്റു നേരത്തെ സാരോപദേശത്തിനു ശേഷമാണ് യുവാവ് തന്റെ ദന്തഗോപുരം എനിക്കായി സന്തോഷത്തോടെ തുറന്നിട്ടത്.
ഐറ്റം 7 : ആനന്ദമാർഗ്ഗിയാണോ എന്നു ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. ശിവനടയാർ മാർഗ്ഗിയായ ഗിരിജാനന്ദൻ ആയിരുന്നു മഹർഷി. By default, ദുർവ്വാസാവാണ്. ആദ്യമാദ്യം സൂക്തങ്ങളയിട്ടായിരുന്നു മറുപടികൾ. പലവട്ടം ശപിച്ചുകളയും എന്നു തോന്നിച്ചു. ജനം പൊതുവെ ഭീതിയിലായിരുന്നു. യൂക്കാലിമാൻ മാത്രം കക്ഷിയെ കയ്യിലെടുത്ത് അമ്മാനമാടി. വരച്ചുകൊടുത്തപ്പോൾ വേണ്ടെന്നു പറഞ്ഞു. സത്യത്തിൽ ഇതിലൊന്നും താല്പര്യം കണ്ടില്ല. ഇനി ശരിക്കും വൈരാഗിയാണോ ?!


ഏഴു പേർക്കും എന്റെ ആശംസകൾ ! അവർ ഇതിനകം ക്യാരിക്കേച്ചറുകൾ ആരെയെങ്കിലുമൊക്കെ കാണിച്ചിട്ടുണ്ടാകും. പക്ഷെ, എന്റെ ഒപ്പ് ആർക്കും വായിക്കാനാകില്ല. ഇനിയങ്ങനെ മതി.... ..