Friday, August 29, 2014

I MINUTE CARICATURES IN TRAIN : 29/08/2014

ട്രെയിൻ യാത്ര - 28.08.2014, വ്യാഴം - 
1.
കൊയമ്പത്തൂർ-പാലക്കാട് പാസ്സഞ്ചർ (6-7.30pm)
2.
പാലക്കാട്-എറണാകുളം അമൃത എക്സ്പ്രസ്സ്- അൺ റിസർവ്ഡ് കമ്പാർട്മെന്റ്
(10.40 pm to 2 am)
***********************************************************

ഇത്തവണ മറ്റൊരു കമ്പാർട്മെന്റിൽ കയറാനുള്ള യോഗമായിരുന്നു. കിതച്ച് പുകതുപ്പിക്കൊണ്ട് ജന്നലിനരികിലൂടെ കൂകിപ്പായുന്ന ഈയുള്ളവനെ ഒരു കാർട്ടൂൺ പ്രേമി സഹർഷം അകത്തേയ്ക്ക് സ്വാഗതം ചെയ്യുകയായിരുന്നു. മുൻവരിപ്പല്ലിലെ അവഗണിക്കാനാവാത്ത വിടവിനു നേരെ ഇതിനകം നിശ്ശബ്ദമായി ഞാൻ " ബലേ, ഭേഷ് !!!" പറഞ്ഞു കഴിഞ്ഞിരുന്നു. അകത്ത്, തന്റെ വിൻഡോ സീറ്റിന്റെ നാലുപാടിലും നാലു സീറ്റുകളിലായി വിരിച്ചിട്ട മൾട്ടി കളർ തൂവാല, ദേശാഭിമാനി - മാതൃഭൂമി പത്രങ്ങൾ, കാലൻ കുട, നരച്ച രണ്ട് ബാഗുകൾ എന്നിവയിൽ ഏതെങ്കിലും മാറ്റി, സ്ഥാനം ഉടൻ സൗജന്യമായി ചന്തിസ്ഥമാക്കിക്കൊള്ളാൻ ഹൃദയാലു ദാ പറയുന്നു ! ഞാൻ സമയം പാഴാക്കാതെ വിനയാന്വിതനായി. പക്ഷെ, പത്ത് മിനിറ്റു കൂടി കഴിയുമ്പോൾ, രണ്ട് പാതികളിലുമായി ഏതാണ്ട് 1.25 ആസനങ്ങളെ സമാധാനിപ്പിക്കാനേ എനിക്കാവുള്ളൂ എന്ന അവസ്ഥ വരുന്നുണ്ട്. എന്താ തിരക്ക് !

സമയം മുക്കാൽ മണിക്കൂർ കഴിഞ്ഞിരിക്കുന്നു. 10 മിനിറ്റായി എന്നെ നോക്കി മന്ദഹാസം പൊഴിച്ചാലോ എന്ന് ചിന്തിച്ചുവശായിക്കൊണ്ടിരുന്ന ഒരു സുമുഖന് പെട്ടെന്ന് നിയന്ത്രണം കൈമോശം വരുന്നു . രണ്ടു തവണയായി സജ്ജീവേട്ടന്റെ ട്രെയിൻ ഏതാണെന്ന് FB-യിലൂടെ ചോദിച്ച സജീവ് കുമാറാണ് ഞാൻ. GD Group-ഇൽ അക്കൗണ്ടന്റ്. യാത്രികനാണ് എന്ന് പരിചയപ്പെടുത്തൽ. www.yathrakal.com ഇൽ ബിജുവിന്റെ ദണ്ഡകവനത്തെക്കുറിച്ചുള്ള ലേഖനം എടുത്തിട്ടു. ഗ്രാമമുഖ്യന്റെ വീട്ടിലെ ലക്ഷ്വറി മണ്ണെണ്ണ വിളക്കായിരുന്നുപോലും ! വരച്ചത് നന്നായില്ലെന്ന് എനിക്കു തോന്നി. അത് കാണിക്കാതെ സന്തോഷമായി എന്നു പറഞ്ഞത് മനസ്സിന്റെ ഗുണം !

സന്തോഷ് (48) : അവിനാശിയിലെ കോളേജിൽ പ്രിന്റിങ്ങ് ടെക്നോളജി അദ്ധ്യാപകൻ. ചിരിക്കാൻ കൂട്ടാക്കിയില്ല. പിന്നെ, ഓർമ്മയിൽനിന്ന് ദന്ദഗോപുരത്തെ പുന:പ്രതിഷ്ഠിച്ച് സ്ഥിതി വഷളാക്കും എന്ന് ഭീഷണിപ്പെടുത്തി. തുടർന്ന്, ചിരിയുടെ പ്രാധാന്യത്തെക്കുറിച്ച് സഹയാത്രികൻ പ്രസന്നനാഥ് 5 മിനിറ്റ് ക്ലാസ്സെടുത്തു. വൈകാതെ പല്ലുകാണൽ ചടങ്ങ് പൂർവാധികം ഭംഗിയായി നടന്നു.

പ്രസന്നനാഥ് (45) : കിർലോസ്കർ കമ്പനിയിൽ ഇലക്ട്രീഷ്യൻ . ഞാൻ സ്ഥിരമായി ട്രെയിനിലെ പലഹാരക്കാരിയിൽ നിന്നു വാങ്ങിച്ച ഉണ്ണിയപ്പത്തിൽ പാക്യജനകം കൂടുതലാണല്ലോ എന്ന് ആദ്യം ഒന്ന് നടുങ്ങി. ആകാശവാണിയിലെ കാർഷികരംഗത്തിന്റെ സ്ഥിരം ശ്രോതാക്കൾ . ഇതുകേട്ട്, "ജെയ് പ്രസന്നനാഥ് " വിളിച്ചു. ആശാൻ കർഷകശ്രീയാവാനുള്ള തീവ്രശ്രമത്തിലാണ്. അങ്ങനെതന്നെ വരച്ചു.

രാജേഷ്(45) : അമൃതയിൽ MSW വിദ്യാർഥി. പരിഭ്രാന്തഭാവം. കറുത്ത തോൾ സഞ്ചിയിൽ എന്തോ ഡീപ് സീക്രറ്റ് ഒരെണ്ണം ഉണ്ടാവാനുള്ള സാദ്ധ്യത ഞാൻ മണത്തു. ചോദിക്കാൻ പോയില്ല.
കണ്ണൻ : എക്സ്.സർവീസ്മേൻ. സ്പൈസ് ജെറ്റിൽ ഓപ്പറേറ്റർ. പരപരന്ന മുഖം. പക്ഷിയാക്കി വരയ്കട്ടെ എന്നു കെഞ്ചിനോക്കി. എങ്കിൽ, ഷുവറായും മുട്ടിനു താഴെ വെടിവെച്ചിടും എന്ന് വ്യംഗ്യത്തിൽ കണ്ണുരുട്ടി. ഞാൻ നിഷ്പ്രഭനായി.

തോംസൺ : തീർത്തും നിഷ്ക്കളങ്കമെന്നു തോന്നുന്ന തരത്തിൽ, കറുത്തിറുകിയ ടീഷർട്ടിനടിയിലൂടെ 6-ആം പാക്കിന്റെ പകുതിയും, 7, 8 പാക്കുകൾ പൂർണ്ണമായും കാണുന്ന തരത്തിൽ, ബൈസെപ്സ് സൗജന്യമായി പ്രദർശിപ്പിച്ചുകൊണ്ടുള്ള ഇരിപ്പ് പരിസരത്തിരുന്ന മൂന്നു കലക്കൻ കോളേജുകുമാരിമാരെ കോരിത്തരിപ്പിച്ചുകൊണ്ടിരുന്ന ദൃശ്യം ഞാനടക്കമുള്ള മദ്ധ്യവയസ്ക്കരെ ഇതിനകം അഗാധ ദു:ഖത്തിലാഴ്ത്തിയിരുന്നു. ബലിഷ്ഠനാണെങ്കിൽ, പരിസരത്തെ മുഴുവൻ എയറിനെയും കുംഭകം എന്ന അവസ്ഥയിൽ പിടിച്ചിരിക്കാൻ തുടങ്ങിയിട്ട് മിനിറ്റുകളായി. ഓക്സ്ജന്റെ ദൗർലഭ്യം സഹയാത്രികരെ തീർത്തും പരിഭ്രാന്തരാക്കാൻ തുടങ്ങിയതായി തോന്നിയോരു ഘട്ടത്തിൽ ഞാൻ നികേഷ് കുമാറായി. പറയൂ, താങ്കൾ ആരാണ് ? എന്താണ് വിശദാംശങ്ങൾ ? ഉത്തരോം കിട്ടി. ഞാൻ കേവലം ഒരു ജിമ്മാണ്. L & T യിൽ ജോലി.. തോംസൺ, ഏതായാലും, ചിരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

സുന്ദരേശൻ : വെങ്കിടേശ്വരാ മില്ലിൽ മാനേജർ. അല്പം പുച്ഛവും ചേർത്ത്, വൈക്ലച്ഛം എന്നൊരു പുതിയ ഭാവമായിരുന്നു മുഖത്തിന്റെ സ്ഥായി. പക്ഷെ, പോകാൻ നേരത്ത് മനോഹരമായി ചിരിച്ചു, കൈതന്നു. മനുഷ്യനെ മനസ്സിലാക്കാമ്പറ്റില്യ എന്റെയീ ജന്മത്തിൽ. ഷുവർ !

സുജേഷ് (26) : ഒലവക്കോട് വെച്ച് ക്യാരിക്കേച്ചറാർഥിയായി മുന്നിൽ വന്നു ഭവിക്കയായിരുന്നു കക്ഷി. കൊയമ്പത്തൂര് ഒരു അനിമേഷൻ കമ്പനി സ്റ്റാർട്ടപ്പായി പലർ ചേർന്ന് നടത്തുന്നു. രക്ഷപ്പെടുമെന്ന മോഹത്തിലാണാ ചെറുപ്പക്കാരൻ. അങ്ങനെതന്നെ വരട്ടെ !

സിദ്ധാർഥ്, വിശാൽ, റിസ്വാൻ, നിഖിൽനാലുപേരും കൊയമ്പത്തൂര് എഞ്ചിനീയറീങ് വിദ്യാർഥികൾ. സിദ്ധാർഥായിരുന്നു സംഘത്തിന്റെ താത്വികാചാര്യൻ. വരച്ച ഒരു ഡിസൈൻ ആവേശത്തോടെ കാട്ടി. പൂക്കാരിലക്ഷ്മിയുടെ ഒട്ടും നാട്യപ്രധാനമല്ലാത്ത സിമ്പിൾ ഉറക്കം കണ്ടയുടൻ പുറത്തിറങ്ങിയ സിദ്ധൻ അകത്തേയ്ക്കിരച്ചു കയറി മൂക്കുത്തിക്കരികിലെ രണ്ട് ഓട്ടകളിലൂടെ പാസ്സ് ചെയ്യുന്ന ശ്വാസത്തെ മനക്കണ്ണിലൂടെ കണ്ട് , ഒറ്റക്കാലിൽ നിന്ന് നാലുവട്ടം ക്ലിക്ക് ചെയ്ത് കൂട്ടുകാരെ അസൂയാലുക്കളാക്കി.

കാളി, ലക്ഷ്മി, പൂക്കാരികൾ : 10 മണീക്ക് കൊയമ്പത്തൂര്ന്ന് കേറി വെളുപ്പിന് 2 മണിക്ക് എറണാകുളത്തെ പരമാര ക്ഷേത്രത്തിന്റെ പടിക്കൽ 8 മണിവരെ ഇരുന്ന് തിരിച്ച് 1 മണിക്ക് കൊയമ്പത്തൂരെത്തുന്ന ഒടുങ്ങാത്ത നിരാശ നിറഞ്ഞ ട്രെയിൻ യാത്രകൾ രണ്ടു പാവം തമിഴത്തികൾ തുടങ്ങിയിട്ട് 30 വർഷങ്ങളായിരിക്കുന്നു. വരയ്ക്കണമെന്നു പറഞ്ഞപ്പോൾ ഇരുന്നുതന്നു. ചിത്രം കയ്യിലെടുത്ത് പോസ് ചെയ്യുമ്പോഴും വിഷാദഭാവം. ചിത്രത്തിനോട് ഒരു സ്ഥായിയും കാണിച്ചില്ല. വെറുതേ നോക്കി ചിരിച്ചു.

ശുഭം !