Saturday, September 20, 2014

I MINUTE CARICATURES IN TRAIN : 10/09/2014

 ട്രെയിൻ യാത്ര - 19.09.2014, വെള്ളി - 
1.
കൊയമ്പത്തൂർ-പാലക്കാട് പാസ്സഞ്ചർ
(6-7.30pm)
****************************************************************

കാർട്ടൂണിസ്റ്റിന്റെ നല്ല കാലം തെളിയുന്നോ !
പാസ്സഞ്ചറിൽ ചിരകാലസഹതീവണ്ട്യന്മാർക്കായി ചങ്ങായിമാർ സീറ്റ് റിസർവ് ചെയ്തുവെച്ചിരിക്കുന്ന മൂക്കിപ്പൊടി, മൂക്കിള, മറ്റു മൂക്കാംശങ്ങൾ എന്നിവ പുരണ്ട നാനാവർണങ്ങളിലുള്ള തൂവാലകളിൽ ചിലതെങ്കിലും മാറ്റാൻ the famous Seat Waiters തയ്യാറാവുന്നു എന്ന അവസ്ഥ്യായി ! ആഗസ്റ്റ് 29-ലെ പോസ്റ്റിലെ താടിക്കാരനാണ് ഇത്തവണ ആപൽബാന്ധവനായത്. 28-ലെ ഒറ്റ യാത്രകൊണ്ട് ഒറ്റദിവസം കൊണ്ട് താൻ ഫേസ്ബുക്കിയനായി എന്നറിഞ്ഞതും കക്ഷിയുടെ കവിളുകൾ തുടുത്ത് തക്കാളികളാവുന്നതു നോക്കി നോക്കി, മധുക്കരൈയിലെ പ്ലാറ്റ്ഫോം-പച്ചക്കറി തമിഴത്തികളുടെ സ്ഥിരം പറ്റുകാരായ യാത്രികർ ശനിയാഴ്ചേലെ മെഴ്ക്കൊരട്ടീടെ കാര്യം പാടേ മറന്ന് വഴി, വെള്ള്യാഴ്ച്ച രാത്രീലെ കാത്തുകാത്തിരുന്ന weekly പുത്തരിയങ്കസാദ്ധ്യതയ്ക്ക് ചുമ്മാ തുരങ്കം വെച്ചു. കഷ്ടം !
ഇനി ഈയാഴ്ചയിലെ കഥാപാത്രങ്ങളെ പരിചയപ്പെടാം, വരൂന്ന്...

ചാവേർ 1 : നാരായണൻ (79). കൊയമ്പത്തൂര് FCI-ഇൽ കൂലിപ്പണിയാണ്. മഹാസാത്വികഭാവം. ബോഗിയിലെ ഏറ്റവും ലൈറ്റ് വെയ്റ്റായ മാഷ്ക്ക് തന്നെയായിരുന്നു the most deadly caricaturable മുഖകമലവും ! മറ്റൊരിടത്തുവെച്ചു കണ്ടിരുന്നെങ്കിൽ, ജിദ്ദു കൃഷ്ണമൂർത്തീടെ ആരെങ്കിലും ആണോന്ന് ചോദിച്ചുപോയേനെ. എന്റെ ഒരു ആസനത്തിന്റെ നാലിലൊരു വീതി മാത്രമുള്ള സീറ്റ് കഷ്ണത്തിൽ അദ്ദേഹം തന്റെ രണ്ട് കൈപ്പത്തികൾ, അവയ്ക്കിടയിൽ രണ്ട് ആസനങ്ങൾ എന്നിവ സുഖമായി ഉറപ്പിച്ചിരുന്നു.
ചാവേർ 2 : സതീഷ് (40) . കൊയമ്പത്തൂര് IOC യിൽ എയർലൈൻസുമായി ബന്ധപ്പെട്ട വിഭാഗത്തിൽ .... മുഖം ഫുള്ളും കണ്ണാണ്.
ചാവേർ 3 : ഷിബു (37). കൂറ്റൻ കെട്ടിടങ്ങളുടെ തുഞ്ചാനത്ത് തൂങ്ങിക്കിടന്നാടി പെയിന്റടിക്കുന്ന പണിയാണ്. ലോകത്തെ മറ്റൊരു പെഴ്സ്പെക്റ്റീവിൽ ദിവസവും കണ്ടുകൊണ്ടിരിക്കുന്നൊരാൾ. സ്റ്റൈലൻ ഡ്രെസ്സിങ്ങ് കുമാരിമാരെ ഹഠാദാകർഷിച്ചു എന്ന് ഞെട്ടലോടെ ഓർത്തുപോകയാണ്....
ചാവേർ 4 : സുഭാഷ് വർമ (65). നാളികേരവികസനവുമായി ബന്ധപ്പെട്ട് industrial consultant ആണ്. പേര് പറഞ്ഞപ്പോൾ ഷവർമ്മയെയും, മലയാളം ബ്ലോഗിലെ Trolls ആയ വർമ്മമാരെയും - ഭീമവർമ്മ മുതൽ വർഗ്ഗീസ് വർമ്മ വരെയുള്ള ആയിരക്കണക്കിന് വർമ്മമാർ കൂട്ടുകുടുംബമായി പാർക്കുകയാണവിടെ - ഓർത്ത് ചിരി പൊട്ടി. ( ഇപ്പോഴാണ് ഓർത്തത്, ബ്ലോഗിനെ www,ooneswarampo.blogspot.in ഉഷാറാക്കേണ്ട കാലം വൈകി.)
ചാവേർ 5 : നാരായണൻ (65). LIC Retd. ആയി, എങ്കിലും ഇൻഷുറൻസ് പ്രചാരണവുമായി ബാക്കി കാലം തള്ളിനീക്കാനാണ് ഭാവം എന്നു പറഞ്ഞു. പിന്നെ അര മണിക്കൂർ നേരത്തേയ്ക്ക് നാം കാണുന്നത്, പാസ്സഞ്ചേഴ്സിന്റെ ഇതര ബോഗികളിലേയ്ക്കും, പുറത്തേയ്ക്കും, ഒപ്പമോടുന്ന മറ്റു തീവണ്ടികളിലേയ്ക്കുമുള്ള പ്രാണരക്ഷാർഥമുള്ള കൂട്ടപലായനമാണ്. ഇരുവശങ്ങളിലുമുള്ള വെസ്റ്റിബ്യൂൾ വേർപെടുത്തി, ഞങ്ങളുടെ ബോഗിയെ തീർത്തും ഒറ്റപ്പെടുത്താനുള്ള ശ്രമവും നടന്നു.
ചാവേർ 6 : ഇനിയാണ് യാത്രികരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം സംഭവിക്കുന്നത്. കണ്ണിലും മൂക്കിലുമാണ് ഞാൻ ആകൃഷ്ടനായത്.ഗൗരവക്കാരൻ മദ്ധ്യവയസ്ക്കനെ ക്ഷണിക്കാൻ സങ്കോചം. ഓർമ്മയിൽനിന്നു വരച്ചു. പഴയ താടിക്കാരൻ ചങ്ങായി കക്ഷിയെ ക്ഷണിച്ചുകൊണ്ടുവന്ന് ഇരുത്തി കസ്റ്റമറി ഫോട്ടോ എടുക്കാൻ നേരം ശുദ്ധാത്മാവ് ഒന്നൊന്നര നാഗവല്ലിയായി മാറുന്നു. ചീറുന്നു. കുതറിയോടുന്നു. ഒലവക്കോട് പ്ലാറ്റ്ഫോമിൽനിന്ന് ജന്നലിലൂടെ താക്കീത് തരുന്നു : See, you have done 2 mistakes. One, you drew me without my permission. Two, you tried to take my photo. ഞാൻ പതിവുപോലെ നടുങ്ങി. സഹയാത്രികർ ലേശം മിനുസം നടുക്കം അഭിനയിച്ചു. കക്ഷിയെ പ്രാകിമടച്ചു. നല്ല രസികൻ ചിത്രമായിരുന്നു. അദ്ദേഹം അത് വാങ്ങണമായിരുന്നു. പാലക്കാട് ടൗണിൽ ഇറങ്ങാൻ നേരം മൂനാലു ചെറുപ്പക്കാർ ബോഗിയുടെ വാതിൽക്കൽ ടാബ്ലോ ആയി നിൽക്കുന്നു. "പ്രസ്തുത പാലക്കാട്ടുകാരന്റെ അങ്ങയോടുള്ള പെരുമാറ്റം കണ്ട് തരിച്ചുനില്പാണ്, ഒരു ക്യാരിക്കേച്ചർ വരച്ചാൽ ഒരുപക്ഷെ രക്ഷപ്പെടാവുന്നതേയുള്ളൂ" വെന്നും കൂട്ടുകാർ. ഹഹഹ !
********************************************************************************
2. പാലക്കാട്-എറണാകുളം അമൃത എക്സ്പ്രസ്സ്- അൺ റിസർവ്ഡ് കമ്പാർട്മെന്റ് (10.40 pm to 2 am)
ചാവേർ 7 : വിപിൻ (19) : ഹോട്ടൽ മാനേജ്മെന്റ് 2-ആം വർഷ വിദ്യാർഥി. ദുബായിലെ ഒരു പ്രത്യേക ഹോട്ടലിൽച്ചെന്ന് ബ്രേക്കിടാനുള്ളതാണീ യുവത്വം എന്നു തോന്നി. ചിരിയില്ല. ഇറ്റാലിയൻ ലുക്ക്. ഇൻഡസ്റ്റ്രിക്ക് ഇണങ്ങും. ആശംസകൾ !
ചാവേർ 8 : അഖിൽ (24) : L&T-യിൽ എഞ്ചിനീയർ. അതിന്റെ ഗൗരവം. തട്ടകമായ കായംകുളത്തെ ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയം ഭാഗങ്ങളിൽ ധാരാളം ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടെന്നു പറഞ്ഞു. ആശംസകൾ !
****************************************************************
( മുഖം നിറയെ കണ്ണുകളും അവയിൽ നിറയെ പ്രസാദവും വഴിയുന്ന കരുണയും ഉള്ളൊരാൾ ഇന്നലെ മരിച്ചുപോയി. ഒരു മഹാപ്രതിഭാശാലി .... )
****************************************************************
തൽക്കാലം ഇത്രേള്ളൂ.
ശുഭം !