Monday, January 5, 2015

I MINUTE CARICATURES IN TRAIN : 02.01.2015 (Friday)

Coimbatore-Palakkad Passenger -6-7.30 pm
Palakkad-Ernakulam Amritha Express - 10pm-2am

ഒരു മാസത്തിലേറെയായിരിക്കുന്നു പംക്തി തുടർന്നിട്ട്.... യാത്രകൾ മുടങ്ങാതെ നടക്ക്ണ്ട്. പതിവുപോലെ തകർപ്പൻ മുഖകമലങ്ങൾ കണ്ട് വശായിട്ട്ണ്ട്. അരസികരുടെ ക്രുദ്ധഭാവങ്ങൾ നേരിട്ട് അന്ധാളിച്ചിട്ട്ണ്ട്. അപരിചിതരായ വയസ്സൻ നാട്ടുകാരുടെ പഞ്ചായത്ത് കേട്ട് പാലക്കാട്-എർണാളം ദൂരം മറന്നിരുന്നിട്ടുണ്ട്. ഇത്തവണയും അങ്ങനെത്തന്നെ....
ഇത്തവണത്തെ ട്രാജെഡി എന്താന്ന്വച്ചാൽ, ഇതിൽ ഏറ്റവും ഒടുവിലത്തെയാളുടെയൊഴിച്ചാൽ മറ്റാരുടെയും പേര് ഓർമ്മയിലില്ല എന്നതാണ്. എഴുതിയ കടലാസ്സിനെ ട്രെയിൻ കാറ്റ് കൊണ്ടുപോയി.
ചിത്രം 1: പേര് ശിവശങ്കരെനെന്നോ മറ്റോ .... ഓൾ ഇൻഡ്യ റേഡിയോവിൽ ജോലി. പാസ്സഞ്ചറിൽ മൂക്കട്ടയുള്ളതും അല്ലാത്തതുമായ തൂവാല, മഞ്ഞൾക്കറ പിടിച്ച കായസഞ്ചി, കഴിഞ്ഞാഴ്ചയിലെ പത്രം, കണ്ടവന്റെ കുട്ടി ഇത്യാദി സാമഗ്രികൾ ഇട്ട് സീറ്റ് ബുക്കുചെയ്യുന്ന ഡെയ്ലി കമ്മ്യൂട്ടറുടെ താന്തോന്നിത്തരത്തിനെതിരെ "തെമ്മാടിത്തരം' എന്ന വീര്യം കൂടിയ വാക്ക് ഉപയോഗിച്ചതിലെ ഔചിത്യത്തിൽ ശങ്കിച്ച് വാക്കിലും നോക്കിലും ബ്രാഹ്മണാൾ കട്ടുള്ള അർദ്ധവൃദ്ധജനം നിന്നു കിതച്ചു. "സാരല്യ" എന്നു ഞാൻ. "സാരല്യാലേ...കോണ്ടക്റ്റ് റൂൾസ് പ്രകാരം എതാവ്വ്വാവ്വ്വോ എന്തോ എന്ന് നെടുവീർപ്പിട്ട് അദ്ദേഹം.....
ചിത്രം 2 : പേര് .......... . ഇലക്ട്രിക്കൽ കോണ്ട്രാക്റ്റർ. എന്നാൽ ഭാവല്യ. വര നോക്കി ചിരിക്കാനും അറിയാം. ബോഗിയുടെ മൂലയ്ക്കിരുന്ന 2 മണിക്കൂറിൽ കക്ഷി 3 പത്രങ്ങൾ ദർഘാസ് പരസ്യമടക്കം കമ്പോട് കമ്പ് ഫിനിഷ് ചെയ്ത് ജനലിലൂടെ ദൂരേയ്ക്കെറിഞ്ഞു.
ചിത്രം 3 : പേര് .......... . വരച്ചില്ലെങ്കിൽ പയ്യൻ ഹിസ്റ്റീരിക് ആവുമെന്ന്തന്നെ തോന്നിയോരു ഘട്ടത്തിൽ വരച്ചു. ഹോബിയെന്താന്ന് ചോദിച്ചപ്പൊ, നല്ലതുനോക്കി ഒരെണ്ണം വെച്ച് കാച്ചിക്കോളാൻ പയ്യന്റമ്മ.
ചിത്രം 4 : പേര് .......... . മാസങ്ങളായി ഏകാന്തപഥികനെ കാണുന്നു. ഇരിക്കുന്നത് ഗഡിക്കിഷ്ടമല്ല. വണ്ടി അനങ്ങി ഇസ്പീഡ് വെയ്ക്കുമ്പോൾ ചാടിക്കേറി വാതിൽക്കല്വെച്ച് ഒന്നു വെട്ടിത്തിരിഞ്ഞ് കിഴക്കൻ/പടിഞ്ഞാറൻ ചക്രവാളത്തിലേയ്ക്കു നോക്കി ചലനമറ്റുനിൽക്കുന്നൊരു രീതിയാണ് യാത്രയിലുടനീളം പുള്ളി അവലംബിക്കാറ്. ഒരിക്കൽ ചോദിച്ചതാണ് - ഇളം ശരീരിയായ അങ്ങ് ശിൽപ്പിയല്ല ദൃഢം, എന്നാൽ വല്ല കവിയോ കലാകാരനോ മറ്റൊ... ?. 'അല്ലേയല്ല, നിങ്ങളൊന്ന് ചുമ്മാതിരിക്കാമോ'ന്ന് തിരിച്ചടി. ഞാൻ ഒരുവിധം ഖേദം അഭിനയിച്ചു ഫലിപ്പിച്ചു.
ചിത്രം 5 : പേര് .......... . പോസ്റ്റ്-മോഡേൺ യാത്രികനാണ്. എം. ടീടെ ചിരിച്ചുകൊണ്ട് ശപിക്കും. മോഹിച്ചുകൊണ്ട് വെറുക്കും ക്ലാസ്സ് ഓഫ് പേഴ്സൺ. വരച്ചതേ ഇഷ്ടപ്പെട്ടില്ല. ക്യാരിക്കേച്ചർ കയ്യിലേന്തിയുള്ള കസ്റ്റമറി ഫോട്ടോയ്ക്ക് വേണ്ടി അടിവെച്ചടിവെച്ച് അടുത്തു ചെന്നപ്പോൾ തീവണ്ടിയ്ക്കു വെളിയിലെ കറുത്ത ശൂന്യതയിലേയ്ക്ക് 'സമ്മറ'ടിച്ചുകളയും എന്ന ഭീഷൺ-ഭാവ് ! സ്വതേ ഉന്തിയ കണ്ണുകളെ കോടതിയുടെ പുതിയ തീരുമാനം നടപ്പിലാക്കിയ ലോക്കൽ ബാർ ഒന്നരയിഞ്ചുകൂടി പുറത്തേയ്ക്കു തള്ളിച്ചിരുന്നു.....
ചിത്രം 6 : അവസാനത്തെയാൾ ഷംസുദ്ദീൻ. കൊല്ലംകാരൻ. മലപ്പുറത്ത്ന്ന് പുതിയ ഓട്ടോറിക്ഷ കമ്പനി ഷോറൂമിൽനിന്ന് എടുത്തുകൊണ്ടുപോയി ആവശ്യക്കാർക്കെത്തിക്കും. 70കളിൽ ചാലക്കുടിയിൽ ലാമ്പ്രട്ടയിൽ യാത്രചെയ്യാൻ യോഗണ്ടായ ഭാഗ്യവാനാണെന്നറിയിച്ച് , തുടർന്ന് 2 മണിക്കൂറോളം ഓൾ കേരള ഓട്ടോറിക്ഷാത്തൊഴിലാളി യൂണിയനിൽച്ചേർന്ന് പ്രസ്തുത ദേഹത്തിന് അപാര ധൈര്യം പകർന്നു. റിട്ടയർമെന്റിനു ശേഷം ഓട്ടോ വാങ്ങാനുള്ള എന്റെ തീവ്ര പദ്ധതിയെപ്പറ്റിയുള്ള പരമരഹസ്യം പൊട്ടിച്ച്, അങ്ങേരെ ഹഠാദാഹ്ലാദിപ്പിക്കയും ചെയ്തു.

No comments:

Post a Comment