Saturday, September 13, 2014

I MINUTE CARICATURES IN TRAIN : 12/09/2014

12.09.2014, വെള്ളി - 
1.
കൊയമ്പത്തൂർ- പാലക്കാട് പാസ്സഞ്ചർ
6-7.30 pm

ചാവേർ 1 : രാജകൃഷ്ണൻ (45), ഇൻകം ടാക്സ് ഓഫീസർ, പൊള്ളാച്ചി :
ഈയുള്ളവന്റെ കൊളീഗ് ആണ്. ചിരിക്കുമ്പോൾ, നേരിയ ചുണ്ടുകൾ മെലിഞ്ഞ ചുണ്ടൻ വള്ളങ്ങളായി രൂപാന്തരം പ്രാപിക്കുകയും ഇൻസൈഡിൽ മുത്തുമണീപ്പളുങ്കുപല്ലുകൾ ശകലേശം കാണാവുകയും ചെയ്യും എന്നതാണ് ഹൈലൈറ്റ്.
ചാവേർ 2 : ശശിധരൻ (54), റെയിൽവേയ്സ്, കൊയമ്പത്തൂർ :
എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല - പതിവുപോലെ ! ഇതങ്ങേര് തന്നെ, സംശ്ശ്യല്യ !
ഒറ്റ നോട്ടത്തിലേ, ജന്മനാ മിതഭാഷി. ഒന്നിങ്ങോട്ട് നോക്ക്യോളൂ, എന്നു പറഞ്ഞപ്പൊ. ചോദ്യവില്ലുകളായി വളഞ്ഞുനിന്ന പുരികങ്ങൾക്കു കീഴെയുള്ള ഭാഗത്തെ രണ്ടു തക്കാളികളാക്കി മാറ്റി കക്ഷി താൻ ചില്ലറ മാന്ത്രികനല്ലെന്നറിയിക്കുന്നു !
ഒന്നും വിചാരിക്കരുത്, ചില ചോദ്യങ്ങൾ വീശേണ്ടിയിരിക്കുന്നു :
അങ്ങ് തമ്പ്രാൻ ഫാമിലിയാണോ ?
അല്ല.....
എനി ഇരിങ്ങാലക്കുട കണക്ഷൻ ?
ഇല്ല .
മഞ്ഞ്, തോർത്ത്, ചന്ദ്രിക എന്നിവ ഒരുമിച്ച് കേൾക്കുമ്പോൾ എനി വികാരപാരവശ്യം ?
ഇല്ലതന്നെ.
അപ്പൊ ങ്ങള് ജയചന്ദ്രന്റെ ആര്വല്ലെന്നാണോ ? സംഗീതപാരമ്പര്യം തീരെയില്ലാത്ത മട്ടിൽ ???
ഇല്ല. പക്ഷെ, ഉള്ളിൽ നിറയെ സംഗീതമാണ്, മാഷെ. നിറയെ സം....
സന്ദർഭം മുതലെടുത്ത്, ഗായകൻ ശശിധരൻ ഒരു വെരി ലൈറ്റ് ചലച്ചിത്ര ഗാനത്തിന്റെ പിറകുവശത്തൂടെ ബഹളം വെയ്ക്കാതെ ചിറകിലേറാൻ നോക്കി. അത്ഭുതമെന്നു പറയട്ടെ, ഏട്ടിമടൈയിലെ കാറ്റും തീവണ്ടിപ്പാളയങ്കോടൻ തെയ്യവും കലിപ്സുമായി വന്ന് പ്രസ്തുത പാട്ടാം പക്ഷിയുടെ ബാലൻസ് തെറ്റിച്ച്, ഭാവഗായകനെ കേൾക്കാമ്പറ്റാതാക്കി, യാത്രികരെ ഒന്നടങ്കം രക്ഷിച്ചു !
ചാവേർ 3 : രമേഷ് (30), വെൽഡിങ്ങ് തൊഴിലാളി
താൻ അത്ര മാത്രമേയുള്ളൂവെന്ന് ഒരു ശ്രോതാവാവാൻ മാത്രം ഇഷ്ടപ്പെടുന്ന മെലിഞ്ഞ ചെറുപ്പക്കാരൻ ...
ചാവേർ 4 : ആഷിഖ് (20), വിദ്യാർഥി
ഞാൻ അടുത്ത ഇരയെ പരതുമ്പോൾ, കമ്പാർട്മെന്റിലെ നടുക്കമ്പിയിൽ ഒരു അച്ചിങ്ങവള്ളിപോലെ പടർന്നുകയറി ഇളകിയാടിയുലഞ്ഞ് വിശന്നവശപരവശനായി നിൽക്കുകയായിരുന്നു നമ്മുടെ കഥാനായകൻ. ഞാൻ കൃത്യം നിർവഹിച്ചതും കോയമ്പത്തൂരിലെ നാനാതരം കോളേജുകളീൽ പഠിക്കുന്ന പാലക്കാടൻ പയ്യന്മാർ ചാവേറുകളാവാൻ അഹമഹമികയാ രാമങ്കുട്ടിനായന്മാരായും കോട്ടക്കൽ ശിവരാമന്മാരായും നരസങ്ങൾ മുഖത്തു വിളയിച്ച് പ്രതീക്ഷയോടെ കടലാസ്സിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. കഥകളി കലാകാരന്മാരെ സമയക്കുറവു മൂലം ഒന്നടങ്കം അവഗണിക്കേണ്ടി വന്നതിൽ എന്താ സങ്കടം എനിക്ക് എന്നറിയ്യ്യോ ?
**********************************************************************
2. പാലക്കാട്-എറണാകുളം - അമൃത എക്സ്പ്രസ്സ്- അൺ റിസർവ്ഡ് കമ്പാർട്മെന്റ്
ചാവേർ 5 : കൃഷ്ണപിള്ള (70), എക്സ്-സർവീസ് മേൻ
കല(3)ക്കൻ മുഖത്തിന്റെ മോളില് കിഴക്കും പടിഞ്ഞാറും ദിക്കുകളിൽനിന്ന് ഭ്രൂമദ്ധ്യത്തിലേയ്ക്ക് ഒരന്തല്ല്യാതെ എടുത്തു ചാടുകയായിരുന്നു പുരികങ്ങൾ എന്നു പറയേണ്ടിയിരിക്കുന്നു. അവയ്ക്കു കീഴെ അത്യഗാധ ഗർത്തങ്ങളാണ്. ഇൻഡ്യൻ എക്സ്-സർവീസ് പാരമ്പര്യമനുസരിച്ച് മീശ പറഞ്ഞതു കേൾക്കാതെ ബയന്റുകളായി തെറിച്ചുനിന്ന് സഹയാത്രികരെ അതിഭയങ്കരമായി അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു എന്നതാണ് സത്യം. സെക്കൻഡ് എഞിനീയറിങ്ങ് ഡിവിഷനിലെ തൊഴിലാളിയുടെ പട്ടാള ജീവിതത്തിലെ ഏറ്റവും മറക്കാമ്പറ്റാത്ത ദൃശ്യം, 1971-ബംഗ്ലാദേശ് യുദ്ധത്തിൽ , സ്വകാര്യ ഭഗത്തൂടെ ബയണറ്റു കേറ്റിക്കൊന്ന നിലയിൽ ഒരു ബങ്കറിൽ കണ്ടെത്തിയ നിരവധി ഢാക്കാ യൂണീവേഴ്സിറ്റി പെൺകുട്ടികളുടെ നഗ്നശരീരങ്ങളാണ്
ചാവേർ 6 : പ്രഭാകരൻ (71), ടൂറിസം, എറണാകുളം
1962 മുതൽ 65 വരെ പാലക്കാട് ജില്ലയിൽ, സ്പ്രിന്റ് ലോങ്ങ് ജമ്പ് ഇനങ്ങളിൽ അദ്ദേഹത്തിന് എതിരാളിയില്ലായിരുന്നു. താൻ 71 കാരനാണെന്നറിയിച്ചപ്പോൾ, അതുവരെ പെരുവിരൽ കൊണ്ട് കളംവരച്ച് തീവണ്ടി അടിപ്പലക കുഴിയാക്കാൻ നോക്കിക്കൊണ്ടിരുന്ന നാലോളം 50 കാരികൾ നടുങ്ങി കളമെഴുത്ത് കലയിൽ നിന്ന് എന്നെന്നേയ്ക്കുമായി വിടവാങ്ങി. ഇതിനിടയിൽ, നാദിയ കോമനേച്ചി എന്നു പേരുള്ള ഒരു തടിച്ച തമിഴത്തി മുല്ലപ്പൂവില്പനക്കാരി ഇടതുമാറി, വലിഞ്ഞമർന്ന്, ഒറ്റക്കയ്യിൽ ഒന്നുയർന്നുപൊങ്ങി, ഒരാട്ടമാടി കിറുകൃത്യമായി ലഗേജ് കമ്പാർട്മെന്റിന്റെ കമ്പികൾക്കിടയിലെ വിടവിലൂടെ തന്റെ വലിയ ആസനങ്ങളെ കടത്തി 10ഇൽ 10ഉം നേടുന്നതു കണ്ട് ഞാൻ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. നമ്പ്ര 6-ഉം നിശ്ശബ്ദമായി രംഗം കണ്ട് ബലേ ഭേഷ് പറയുന്നത് ശ്രദ്ധിക്കാതെ വയ്യെന്നായി.
അല്ല, സ്പോർട്സ്മേനായ ചേട്ടൻ കളരിയിലും തല്പരനാണോ ? ഒറ്റക്കോൽ പയറ്റിയിട്ടുണ്ടോ...?
രസികനായ മനുഷ്യന്റെ കണ്ണട ചിരിയിൽ തിളങ്ങി.. പിന്നെ, സമയം കളയാതെ സഹയാത്രികർക്കിടയിൽ സോക്രട്ടീസായി മാറി രാഷ്ട്രീയ വാഗ്വാദങ്ങളിൽ സരസമായി ഏർപ്പെട്ടുവന്നു. സ്റ്റേഷനിൽനിന്ന് ഞങ്ങൾ ഒരുമിച്ചാണ് ഓട്ടോയിൽ വന്നത്.
ഇന്നിത്രേള്ളൂ....

ശുഭം ! 

Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.


No comments:

Post a Comment