Saturday, August 2, 2014

1 MINUTE TRAIN CARICATURES : 02/08/2014

ഇവനാണ് ശങ്കരൻകുട്ടി ഇൻ അമേരിക്ക

സത്യത്തിൽ, ഈ പഹയനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ആവേശം മൂത്ത് " എനിക്ക് പിറക്കാതെ പോയ മകനാണല്ലോ നീ " എന്ന് അല്പം ഉച്ചത്തിൽ പറഞ്ഞത് സിദ്ദാണി ഒന്ന് കേട്ടുപോയി. പാട്ടിനോട് സുല്ലിട്ട് സിദ്ദൻ ഇപ്പൊ രണ്ടൂസായി മുടിഞ്ഞ വരയാണ്. ട്രെയിൻ സിമുലേഷൻ കിട്ടാൻ ഇളകിക്കൊണ്ടിരുന്നാണ് സദാ വര. മേദസ് & ഹാഫ് ഉള്ള ശരീരം മുയ്ക്കെ സിദ്ദാണിക്ക് ഇക്കിളിപ്രദേശങ്ങളാണ്. ഞാനൊന്നു തൊട്ടാൽ, വേണന്നില്ല ഒന്നു നോക്ക്യാൽ മതി. ടി ശരീരം മുയ്മൻ ഭൂകമ്പബാധിതപ്രദേശമാവും. ഇക്കിളിത്തിരമാലയിലുലഞ്ഞ് സിദ്ദാണീടെ വരാവേശം ഇല്യാണ്ടാവാനും മതി.

വർഷങ്ങൾക്കുമുൻപ്, http://everypersoninnewyork.blogspot.in/എന്നൊരു ബ്ലോഗ് വായിച്ചതോർക്കുന്നു. ഇങ്ങനെ എത്ര ലക്ഷം വരയന്മാരാണ് ഭൂമീടെ അങ്ങോളമിങ്ങോളം അന്തസ്സു കളയാതെ, എന്നാൽ തങ്ങൾക്ക് കിട്ടിയ ചെറിയ അനുഗ്രഹങ്ങൾ വെച്ച് സൃഷ്ടിക്കുന്ന വരകൾക്കുനേരെ വരുന്ന ചിരികളിൽ അനുകമ്പയും ചേർന്നിട്ടുണ്ടല്ലോ എന്നറിഞ്ഞ് വിഷണ്ണരായി, വിശന്നിരുന്ന്, നിശ്ശബ്ദരായിരുന്ന് വരയ്ക്കുന്നത് !

ഏറ്റവും ചെറിയ ഉറുമ്പിന്റെ ഡിസൈൻ പോലും ഏറ്റവും മികച്ച ആർടിസ്റ്റിന്റെപോലും ഭാവനയെ ഒന്നുമല്ലാതാക്കാൻ പോന്ന സ്ഥിതിയ്ക്ക്, ആർക്കും പെർഫെക്ഷന്റെ പേറ്റന്റില്ല. ആരും ഒരു ശരിവര പോലും വരയ്ക്കാതെയാണ് മരിക്കുന്നത്. അതുകൊണ്ടുതന്നെ ............
ആർക്കും വരയ്ക്കാം.

തൽക്കാലം, ഒരു മനുഷ്യച്ചങ്ങല തീർത്ത് ന്യൂയോർക്കിലെ നല്ലവരായ ശങ്കരങ്കുട്ടിയിമാരിലേയ്ക്ക് നീളാം. ലക്ഷക്കണക്കിന് സിദ്ദാണിമാർ ഉലഞ്ഞുലഞ്ഞിരുന്ന് വരയ്ക്കുന്നത് കൗതുകത്തോടെ നോക്കിനിൽക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്.
ശുഭം !



No comments:

Post a Comment