Friday, August 22, 2014

1 MINUTE TRAIN CARICATURES : 22/08/2014, FRIDAY

22.08.2014, വെള്ളി - 
1.
കൊയമ്പത്തൂർ-പാലക്കാട് പാസ്സഞ്ചർ (6-7.30pm)
2.
പാലക്കാട്-എറണാകുളം അമൃത എക്സ്പ്രസ്സ്- അൺ റിസർവ്ഡ് കമ്പാർട്മെന്റ്
(10.40 pm to 2 am)

ഇന്നത്തെ, ആദ്യത്തെ വണ്ടിയിലെ അഞ്ചും രണ്ടാമത്തേതിലെ ഒന്നും ചാവേറുകളെ പരിചയപ്പെടുത്തുന്നതിനു മുൻപ് https://www.facebook.com/CartoonistSajjive/posts/10152676542876803ലിങ്കിലെ നമ്പർ 5, 6 ചാവേറുകളുടെ ജീവചരിത്രം ഒന്നു വായിക്കുന്നത് ഇന്നത്തെ കഥയുടെ ഒഴുക്കിനെ ഒട്ടൊന്നുമല്ല സഹായിക്കുക. റിവേഴ്സ് അർജുനവിഷാദയോഗത്തിൽ, ജീവിതത്തിൽ ഒന്നു കരപിടിച്ചു എന്നാശ്വസിച്ചുപോയ നമ്പ്ര.6 നെ നമ്പ്ര.5 കൂൾകൂളായി ഇഞ്ചോടിഞ്ച് വിഷാദത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. വണ്ടി കഞ്ചിക്കോട്ടെത്തി, പത്ത് ഉർപ്യേടെ പച്ചമുളക് തമിഴത്തിയിൽനിന്ന് വണ്ടി നിന്ന 30 സെക്കൻഡിനുള്ളിൽ ഇരന്നിരന്ന് ഒമ്പതുർപ്യക്ക് വാങ്ങിച്ചപ്പൊ നമ്പ്ര 6 ഡിപ്രഷനിൽനിന്ന് ഒന്ന് പുറത്തുകടന്നതായിരുന്നു. നമ്പർ 5 തക്ക സമയത്ത് ഇടപെട്ട് മറ്റവനെ സമ്പൂർണ വിഷാദത്തിലാഴ്ത്തുന്നതിൽ വിജയിച്ചു.
ഹാർട്ടറ്റാക്കു വന്ന ശ്വാവു കണക്കെ സീറ്റിൽ 'പതക്കോ'ന്ന് .വീണപ്പോൾ കാണാം മുന്നിൽ യോഗേശ്വരനായ ശ്രീകൃഷ്ണൻ - നമ്പ്ര.5 ഇറാനി. ഇൻഡ്യൻ റെയിൽവേയ്ക്ക് കൂറ് പ്രഖ്യാപിച്ചുകൊണ്ട് മെട്രോ ശ്രീധരന്റെ ഒരു ജീവചരിത്രം വായിച്ച് ഒന്നു കണ്ണടച്ച് തുറന്നപ്പോഴേയ്ക്കും അരികിൽ കുരുക്ഷേത്രയുദ്ധത്തിന് ലൈനപ്പായിക്കഴിഞ്ഞിരുന്നു. ക്യാബിനറ്റ് ഡിസിഷൻ വന്നാൽ ഒറ്റ ബാറും ബാക്കീണ്ടാവില്ല എന്ന മിഡിൽ ലൈൻ സ്വീകരിച്ച് ഇറാനി ആദ്യം പൊസിഷനെടുത്തു. തുടർന്ന്, പാൽ, കാപ്പി, ഇടയ്ക്ക് മാത്രം ഗോമാംസം എന്ന തത്വത്തിൽ വിശ്വസിച്ചിരുന്ന ജയകൃഷ്ണൻ (hereafter ജെ.കെ) ലോക കുടിയന്മാരെ മൂന്നുവട്ടം മൂർദ്ദാബാദ് വിളിച്ച് എന്റെ വരിയിലിരുന്ന മുഴുവൻപേരുടെയും വെറുപ്പ് വെറുതേ ഇരന്നു വാങ്ങിച്ചു..

ഞാൻ നീട്ടിയ നെയ്യപ്പത്തിനോട് "നോ താങ്ക്സ്" പറഞ്ഞതാണ് ജെ.കെ.യ്ക്ക് വിനയായത്. ശാപ്പാട് കഴിച്ചിട്ടും 120 കവയ്ക്കാത്ത തന്റെ ഷുഗറിനെ എന്തു വില കൊടുത്തും നിലനിർത്തും എന്ന പ്രഖ്യാപനത്തിന്റെ നട്ടെല്ലൊടിച്ചുകൊണ്ട് ഫാസ്റ്റിങ്ങ് ഷുഗറാണ് റിയൽ ഷുഗർ എന്ന് ഇറാനി പറഞ്ഞതുകേട്ട് ജെ.കെ. തളർന്നു. ഇനി പ്രഷറിനെക്കുറിച്ച് കൂടി പറയരുതേ എന്ന് താണ് വീണ്കേണു. ച്ഛെ, ച്ഛെ മുന്നോട്ട് നോക്കൂ, മാതുലന്മാരും ഡർട്ടി ഫെല്ലോസുമായ ബാഡ് കൊളസ്ട്രോൾ, ഹൈ യൂറിക് ആസിഡ്, ലോ തൈറോയ്ഡ് എന്നിവരെയും ഫാറ്റ് ലിവർ, ബ്ലോക്ക്ഡ് ആർട്ടറി, സഡൻ ലോസ്സ് ഓഫ് ബ്രെത്, ഹോപ് ലെസ്സ് ഇൻഫീരിയോറിറ്റി കോമ്പ്ലെക്സ് എന്ന ക്രൂക്കഡ് കസിൻസിനെയും ഇനി കാണാതിരുന്നിട്ട് എന്തു കാര്യം എന്ന് ഇറാനി. ഇമ്മാതിരി നാനാവിധ രോഗപീഢകളുടെ മേലേപ്പറമ്പിൽ ആൺവീടായ കാർട്ടൂണിസ്റ്റ് ചെറുചിരിയോടെ വരയ്ക്കാൻ തുടങ്ങുമ്പോൾ, ഏതായാലും ജെകെ. മൂന്നു ബോഗിപ്പാടകലേയ്ക്ക് പാഞ്ഞുരക്ഷപ്പെടുന്നതു കാണാമായിരുന്നു !
***************************************************************************
ചാവേർ 1 : വിജയൻ, ലോട്ടറിവില്പന. കറകളഞ്ഞ എക്സ്.സെർവീസ് മാൻ ഭാവം. ഭീഷണിയിലൂടെയാണ് വില്പന. " വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതെങ്കിലും ഒന്നിന്റെ ലോട്ടറി മതി എന്ന് ഭീതിതനും ആവ ശ്യത്തിന് നിരക്ഷരനുമായ ഒരു പറ്റുകാരൻ പറഞ്ഞൊപ്പിക്കുന്നതു കേട്ടു.
ചാവേർ 2 : രഘു. അഗ്രഹാരഭാവം. MNC യിലാണ്. എന്നാൽ ഭാവൊട്ടില്യാതാനും !
ചാവേർ 3 :സേതുമാധവൻ. കമ്പനി ജോലി. ഇറാനിയുടെ വധോദ്യമത്തിൽനിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ജന്മനാ നിശ്ശബ്ദതയാണ് കക്ഷിക്ക് വിനയായത്
ചാവേർ 4 : അനീഷ്, BE വിദ്യാർഥി, എന്ത് പറയാനാ....
ചാവേർ 5 : പേര് മറന്നു. BE വിദ്യാർഥി. കഥകളി ലുക്ക്. വര നിർത്തിയതായിരുന്നു. പയ്യൻ ശരിക്കും ആഗ്രഹിച്ചിരുന്നുവെന്നു തോന്നി. അത് നാണമില്ലാതെ അറിയിക്കുകയും ചെയ്തു. വരച്ചില്ലെങ്കിൽ പാപമായേനെ...
ചാവേർ 6 : ആഗോർ, ഗുവാഹട്ടി, എറണാകുളത്ത് പണിക്കു വന്ന തൊഴിലാളി. കണ്ടപ്പോൾ സങ്കടം തോന്നി. കേരളത്തിലെ എല്ലാ ട്രെയിനുകളിലും അൺ റിസർവ്ഡ് ബോഗികളിൽ കക്കൂസ്മുറിയ്ക്കരികിലും വാതിൽക്കലും നിലത്തെ ചെളിയിൽ ചുരുണ്ടു കിടക്കേണ്ട ഗതികേടനുഭവിക്കുന്ന മറുനാടൻ തൊഴിലാളികളുടെ പ്രതിധിയായാണ് ഞാൻ ആഗോറിനെ കണ്ടത്. ഇന്നിത്രേള്ളൂ.
ശുഭം !


Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.

No comments:

Post a Comment