Friday, August 8, 2014

1 MINUTE CARICATURES IN THE TRAIN : 08/08/2014

വെള്ളിയാഴ്ച്ച 08.08.2014
പാലക്കാട്- കൊയമ്പത്തൂർ പാസ്സഞ്ചർ - രാത്രി 7 മണി
പാലക്കാട്- എറണാകുളം അമൃത എക്സ്പ്രസ്സ് - രാത്രി 11-1 മണി

കൊയമ്പത്തൂര് റെയിൽവേ സ്റ്റേഷനിലെ അണ്ടർപാസ്സിലേയ്ക്കുള്ള ഇറക്കമിറങ്ങുമ്പോൾ 20 മീറ്റർ അകലെയുള്ള കോണിപ്പടിയെ മറക്കാനുള്ള കുൽസിത ശ്രമത്തിലേർപ്പെടുന്ന ഒരു സ്ഥിരം പരിപാടി എനിക്കുണ്ട്. വല്ലാത്ത പോഷകാഹാരസമൃദ്ധമായ ബോഡി മാത്രമുള്ള, എന്നാൽ ലങ്ങ് പവർ തീരെയില്ലാത്ത ഒരു നാടൻ ശ്വാവ് കണക്കെ ശബ്ദായമാനമായി ശ്വാസം മൂന്നു രന്ധ്രങ്ങളിലൂടെ (മൂന്നും മുന്നിൽ) വിട്ട് (തൊടുത്തു വിടുകയാണ് പതിവ്) വിയർപ്പിൽ മുങ്ങിക്കുളിച്ച് 2ആം പ്ലാറ്റ്ഫോമിലേയ്ക്ക് പാവപ്പെട്ടവൻ പടികൾ താണ്ടി, ചരമമടയാതെ ഒരുവിധം പൊന്തിവരുന്ന കാഴ്ച്ച കാണാൻ സഹപ്രവർത്തകരായ 50-ഓളം വരുന്ന പാലക്കാട് കണ്ടിഞ്ജെന്റ് ഗുരുവായൂര് വാകച്ചാർത്തിന് ക്യൂ നിൽക്കുന്ന തമിഴരെപ്പോലെ അന്നും നിലയുറപ്പിച്ചിരുന്നു.

ഉച്ഛ്വാസത്തിന്റെ പാരമ്യത്തിൽ അടിയന്റെ ഓരോ മൂക്കോട്ടയും വികാസം പ്രാപിച്ച് ഗുരുവായൂർ പപ്പടത്തിന്റെ വ്യാസമാർജ്ജിക്കും. കണ്ണുകൾ കളർ നേര്യത് കണ്ട സിൽമാനടൻ ഉമ്മർ സമാനമാകും. ചുണ്ടുകൾ "ശ്ശോഭേ" എന്ന് നീളത്തിൽ വലിഞ്ഞ് നടികർതിലകങ്ങളാകും. ഈയുള്ളോന്റെ ശ്വാസപരാക്രമം ടോപ് ഗിയറിലാവുന്നതോടെ പരിസരവാസികളുടെ പെർ ക്യാപ്പിറ്റ ശ്വാസത്തിൽ കൊയമ്പത്തൂർ അന്തരീക്ഷമലിനവാതക ഫാമിലിയിലെ കോമഡി കസിനായ ഓക്സിജന്റെ അളവ് 80% വരെ കുത്തനെ ഇടിയും.
*****************************
തീവണ്ടിയിലെ സീറ്റ്പിടുത്തം ഇത്തവണയും മഹാാാാാാാ യജ്ഞമായിരുന്നു. റിസർവേഷൻ പ്രഖ്യാപിയ്ക്കാനായി അകത്തിരുന്ന സഹപ്രവർത്തകന്റെ സഹായത്തോടെ അജ്ഞാതൻ സൈഡ് സീറ്റിലേയ്ക്കിട്ട കറുത്ത കർച്ചീഫിനെ എന്റെ കറുകറുത്തെ പാന്റ്സിന്റെ പീച്ഛേമൂഡ് ച്ഛിന്നഭിന്നമാക്കിയത് കഞ്ചിക്കോടെത്തിയപ്പോഴാണ് ഉടമസ്ഥൻ പോലും അറിഞ്ഞത്.

ഇരുന്ന കമ്പാർട്മെന്റിൽ പരിചിതരായ കൊയമ്പത്തൂർ ഉദ്യോഗസ്ഥർ കുശലം പറഞ്ഞും ക്രിക്കറ്റ് ചർച്ച ചെയ്തും സമയം പോക്കി. ഏട്ടിമെടൈ വിട്ടതും പാസ് ചെയ്ത കപ്പലണ്ടിക്കാരൻ ഞാൻ പണ്ട് വരച്ച വര ഫ്രെയിം ചെയ്ത് സൂക്ഷിക്കുന്ന കാര്യം 30-ആം വട്ടവും പരസ്യമായി അനൗൺസ് ചെയ്ത് ജനത്തെ ജാഗരൂകരാക്കി. ഞാൻ ചെറിയ ലജ്ജയോടെ ഡ്രോയിങ്ങ് പാഡ് പുറത്തെടുത്തു.

9-ഉം 7-ഉം 16 ഇരകളെയാണ് 2 തീവണ്ടികളിലായി " വരണ്ടീര്ന്നില്ല " എന്നാക്കിയത്.
നമ്പർ 1 : മൊഹമ്മദ് (77) - ഭാര്യമാർ 2. ചെറിയ കുട്ട്യോൾ. ലോട്ടറി വിറ്റില്ലെങ്കിലും തന്റെ ജീവചരിത്രം ജനം അറിഞ്ഞിരിക്കണം എന്ന വാശി വൃദ്ധശ്രീ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. താൻ ഒരു തുറന്ന പുസ്തകമാണെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുമുണ്ടായിരുന്നു.
നമ്പർ 2 : നാഗമ്മ (88) കുത്താമുൾക്കാരി. ഭർത്താവ് മരിച്ചു. മറ്റാരുമില്ലെന്നു പറഞ്ഞു. തിരില്ലാമല എത്തിയിട്ട് നാട്ടിലേയ്ക്ക് പിറ്റേന്നു രാവിലെയുള്ള ബസ്സ് വരുംവരെ എവിടെ കഴിയും എന്ന് വൃദ്ധ ഇടയ്ക്കിടെ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു.
നമ്പർ 3 : ധനലക്ഷ്മി രാജേഷ് (38) പലക്കാട്ടെ സിവിൽ സെർവീസ് അക്കാദമിയിൽ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥ. കർത്തവ്യബോധമുള്ള ഒരു ഗൃഹനാഥ എന്നു തന്നെ തോന്നിച്ചു.
നമ്പർ 4 : ഗിരീഷ് (30) രാമനാഥപുരത്തെ ഒരു കമ്പനിയിൽ ഇലക്ട്രിക്കൽ ഹാർഡ്വെയർ എഞിനീയർ. എന്താപ്പൊ ഹോബി എന്ന ചോദ്യം മുഴുവനാക്കും മുമ്പ് " അങ്ങന്യൊന്നൂല്യ " എന്ന് ഉരുളയ്ക്കുപ്പേരി തന്ന് കക്ഷി മജോറിറ്റി യാത്രക്കാരോടൊപ്പം ചേർന്നു.
നമ്പർ 5 : ഇറാനി (46) തമിഴ്നാട് ഇലക്ട്രിസിറ്റി ബോഡിൽ അക്കൗണ്ട്സിലാണ്. പത്രവായനയാണ് കുഞ്ഞുനാളിലേ ഹോബിയെന്നു പറഞ്ഞു.70കളിൽ പത്രാധിപക്കുറിപ്പുകൾ വായിച്ച് സ്ഥിരമായി ധ്യാനത്തിലാണ്ടുപോകുക പതിവായിരുന്നുവത്രെ ! നമ്പർ 6 മാത്രം ''ശര്യാ''ന്ന് തല കുലുക്കുന്നതു കണ്ടു.
നമ്പർ 6 : ജയകൃഷ്ണൻ (45) ശ്രീ മഹാലക്ഷ്മി & കമ്പനിയിൽ അക്കൗണ്ടന്റ്. ഇടയ്ക്ക് കണ്ണു തുടയ്ക്കുന്നതു കണ്ടു. ഇംഗ്ലണ്ട് ഇൻഡ്യയെ 2:1 ന് ചുരുട്ടിക്കെട്ടിയത് ഓർത്തായിരുന്നു മഹാദു:ഖം. "സാരല്ല്യാന്ന്, നാലാം കളിയില് താൻ നോക്കിക്കോ" എന്ന് നമ്പർ 5 പിന്നീട് കക്ഷിയെ പേർത്തും പേർത്തും സാന്ത്വനിപ്പിക്കുന്നുണ്ട്.
നമ്പർ 7 : ശരത്ത് ലാൽ (22) B.E. (Mech) ഗ്രാജ്വേറ്റ്. തൊഴിലാർഥിയായി കൊയമ്പത്തൂര് തലേന്നു വന്നേയുള്ളൂ. പൊക്കക്കുറവ് അലട്ടുന്നതുകൊണ്ട് ജന്നലിലൂടെ ചക്രവാളത്തിലേയ്ക്കു നോക്കിയായിരുന്നു ഇരുപ്പ്. ചിരിയില്ല. ചിന്തയുമായും അധികം ഫ്രെൻഡ്ഷിപ്പില്ലെന്ന് പിന്നീട് പാലക്കാട് പ്ലാറ്റ്ഫോമിലിരിക്കുമ്പോൾ ഇൻ കം ടാക്സിലെ long term capital gains-നെക്കുറിച്ചുള്ള ഒരു സംശയം ചോദിച്ചതിൽനിന്നു മനസ്സിലായി.
നമ്പർ 8 : സുമൻ , ഓഡിറ്റർ, മുത്തൂറ്റ് ഫിൻ കോർപ്പ്, കൊയമ്പത്തൂർ. സ്നേഹമില്ലാത്ത, തട്ടിപ്പുകാരായ അക്കങ്ങളുമായുള്ള സന്ധി ആശാനെ വല്ലാതെ അലട്ടിയിരുന്നു.
നമ്പർ 9 : വിജയ് മോഹനൻ, റാപ്പിഡ് ഫാർമയിലെ റീജ്യണൽ മാനേജരാണ്. മിതമായ വായനയും സ്ഥിരയാത്രകളും കൊടുത്ത സരസത 5 മിനിറ്റു കഴിഞ്ഞേ ആർക്കും തോന്നൂ. വരയെപ്പറ്റി ആത്മാർഥതയോടെ ചോദിച്ചറിഞ്ഞു.
********************************************************

നമ്പർ 10 : ആഷ് വിൻ (22). B.E.(Mech) ഗ്രാജ്വേറ്റാർഥി. 2 വിഷയം കിട്ടാനുണ്ട്. എഴുതിയെടുത്തിരിക്കും എന്നു പറഞ്ഞു. 10 വയസ്സുവരെ വ്യത്യാസമുള്ള അപരിചിതരെ "ഡാ " എന്ന് വിളിച്ച് ക്ലോസ്ഫ്രെൻഡാക്കുക എന്ന പുത്തൻ ശൈലിയാണ് പയ്യന്റെ. ബോഗി നിറയെ സുജനമര്യാദക്കാരായിരുന്നു.
നമ്പർ 11 : ഫെബിൽ ആന്റണി (22) , B.E.(Mech) ഗ്രാജ്വേറ്റാർഥി. പല വിഷയങ്ങളും കിട്ടാനുണ്ട്. ഫുട്ബോളാണ് ഹോബി. മിഡ് ഫീൽഡാണ് ഇഷ്ട താവളം. അർജന്റീനയിൽ ജനിക്കാനായില്യാലോ എന്ന് നെടുവീർപ്പിടുന്നുണ്ടായിരുന്നു.
നമ്പർ 12 : ഹാൻഡൽ റാം (20). കൊയമ്പത്തൂർ കിറ്റക്സിൽ സൂപ്പർവൈസർ ആണ്. പല്ലായിരുന്നു ഹൈലറ്റ്. ഫലിതം പലതു പറഞ്ഞുനോക്കി. പയ്യൻ ചിരിച്ചില്ല. എന്റെ പ്രതിസധി കേട്ടറിഞ്ഞ് അയൽ സീറ്റുകളിൽനിന്നുപോലും ആൾക്കാർ ആവും വിധം ഫലിതം പറഞ്ഞുപോയി. പയ്യൻ പല്ലുകളെ അകത്താക്കി. ചുണ്ടടച്ച് സാക്ഷയിട്ടു കളഞ്ഞു !
നമ്പർ 13 : മധുസൂദനൻ പിള്ള (68), കുക്ക്, നാരായണാലയം ആശ്രമം. വർഷങ്ങളോളം ഇരുട്ടു വീണ ചെറിയ മുറികളിൽ നിന്നു ശീലിച്ചതിന്റെ പക്വത, ദൈന്യം കണ്ണുകളിലുണ്ടായിരുന്നു. ഇടയ്ക്ക്, നമ്പർ 10 "ഡാ" എന്നു വിളിച്ച് സാധുവിനെ ഫേസ്ബുക്ക് ഫ്രെൻഡാക്കാൻ നോക്കി. പിള്ളച്ചേട്ടൻ ഒന്നു നോക്കിയതേയുള്ളൂ. നമ്പർ 10 ജർസിയഴിച്ച് തോർത്തുമുണ്ടു പുതച്ചു.
നമ്പർ 14 : സ്മിജേഷ് (27), അക്കൗണ്ടന്റ്, അമൃത, ഏട്ടിമടൈ. കഴുത്തിൽ കറുത്ത ചരട്, കയ്യിലും. നർത്തകീഭാവണ്ടല്ലോ, പൂർവാശ്രമത്തിൽ നർത്തകനായിരുന്നോ എന്ന ചോദ്യത്തിന് "":ഹേയ്" എന്ന് മറുപടി.
നമ്പർ 15 : ഷാലു (21) BBA വിദ്യാർഥി. പൗലോ കൊയ്ലോയുടെ പുസ്സം വന്നയുടൻ തുറന്ന് ഒരു പേജ് വായിച്ചതേയുള്ളൂ. നമ്പർ 10 "എന്തൂട്ട് വായന്യാണ്ട്രാ"" എന്ന ആക്രോശത്തോടെ , ഒരാളെക്കൂടി കൂൾകൂളായി വായനാവിരുദ്ധനാക്കി.
നമ്പർ 16 : സെറിൻ (22). B.E.(Mech) ഗ്രാജ്വേറ്റാർഥി. എന്റെ യാത്രയിലെ അവസാന ഇര. ഇയാളും 10-ആം നമ്പറും പത്ത് പാസ്സായി, 7 കൊല്ലങ്ങൾക്കു ശേഷം കാണുകയായിരുന്നു. കണ്ടതും ഇരുവരും കോഡുവാക്ക് പറഞ്ഞ് തിരിച്ചറിഞ്ഞു. താൻ മരണ മൊബൈൽ മാനിയാക്കാണെന്നു പറയാൻ പയ്യന് മടിയേതുമുണ്ടായിരുന്നില്ല.

ഇരകൾക്കെല്ലാവർക്കും ഇത് വായിച്ച് സന്തോഷാവട്ടെ !!
ശുഭം !!! (9 photos)


Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.
Sajjive Balakrishnan's photo.

No comments:

Post a Comment